പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത: മഴക്കെടുതി കണക്കിലെടുത്ത് വിമാന നിരക്കുകളില്‍ ഇളവ്; യാത്ര റദ്ദാക്കുന്നതും തീയതി മാറ്റുന്നതും സൗജന്യം

single-img
17 August 2018

മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം.

ഇതു പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രക്കാര്‍ക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരാനും തീരുമാനം ബാധകമാണ്.

സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്നു മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകള്‍ റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതോടെ വിദേശ രാജ്യങ്ങളില്‍നിന്ന് നെടുമ്പാശേരിയിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തായണിത്. ഓണവും പെരുനാളും നാട്ടില്‍ ആഘോഷിക്കാനായി വിവിധ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ മിക്കവരുടെയും യാത്ര മുടങ്ങിയ അവസ്ഥയിലായിരുന്നു.