റെയില്‍വേ, പി.എസ്.സി, സര്‍വകലാശാല, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു

single-img
17 August 2018

തിരുവനന്തപുരം: ഓഗസ്റ്റ് 17ന് നടത്താനിരുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ആരോഗ്യ സര്‍വകലാശാല 17ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓഗസ്റ്റ് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. കാമ്പസിലെ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സെന്ററുകള്‍ എന്നിവ ഓണംബക്രീദ് പ്രമാണിച്ച് 16ന് അടച്ച് 29ന് തുറക്കും.

17ന് നടത്താനിരുന്ന യു.ജി. മൂന്നാം സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഓഗസ്റ്റ് 21 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മലയാളം സര്‍വകലാശാല എം.എം. ക്ലാസുകള്‍ ആരംഭിക്കുന്നത് 30ലേക്ക് മാറ്റി.

കേരള സര്‍വകലാശാലയുടെ പ്രാക്ടിക്കല്‍ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഐ.ടി.ഐ.കളില്‍ നടത്തിവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ വര്‍ഷം പുതുതായി തുടങ്ങുന്ന അമ്പലവയല്‍ കാര്‍ഷിക കോളേജിലേക്ക് ആദ്യബാച്ച് പ്രവേശനത്തിനുളള അവസാനതീയതി നീട്ടി. ബി.എസ്സി. അഗ്രികള്‍ച്ചര്‍ ബിരുദ കോഴ്‌സിന് പ്രവേശനം ലഭിച്ചവര്‍ക്ക് ഈ മാസം 30 വരെ സമയമുണ്ട്. മുമ്പ് നിശ്ചയിച്ചപ്രകാരം അവസാന തീയതി 17 ആയിരുന്നു.

മഴക്കെടുതിമൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനെത്തുടര്‍ന്ന് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം നീട്ടി. എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതത് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം 19ന് വൈകീട്ട് അഞ്ചുവരെയായി ദീര്‍ഘിപ്പിച്ചു.

റെയില്‍വേയുടെ ഓഗസ്റ്റ് 17ന് നടക്കാനിരുന്ന അസി.ലോക്കോ പൈലറ്റ് പരീക്ഷയും കനത്ത മഴ കാരണം മാറ്റി വെച്ചിട്ടുണ്ട്. പി.എസ്.സി. 17, 18 തീയതികളില്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍, ഓണ്‍ലൈന്‍ പരീക്ഷകള്‍, വകുപ്പുതല പരീക്ഷകള്‍, അഭിമുഖം, സര്‍വീസ് പരിശോധന, ഒറ്റത്തവണ പരിശോധന എന്നിവ മാറ്റിവെച്ചു.

സി.ഡബ്ല്യു.ആര്‍.ഡി.എം. ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 17, 18 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പരീക്ഷയും അഭിമുഖവും മാറ്റിവെച്ചതായി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കോള്‍സെന്റര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിന് ശനിയാഴ്ച നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി.

കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ശനിയാഴ്ച കോഴിക്കോട്ടു നടത്താന്‍ തീരുമാനിച്ചിരുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിങ് ട്രെയിനേഴ്‌സ് ശില്‍പശാലയും മാറ്റിവെച്ചു.