ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് തകര്‍ന്നു; കുത്തൊഴുക്കുള്ള വെള്ളത്തില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് രക്ഷാപ്രവര്‍ത്തക സംഘം

single-img
17 August 2018

Posted by Jojo Kurishinkal on Thursday, August 16, 2018

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് തകര്‍ന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് ഭാഗത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്നത്. തുടര്‍ന്ന് കുത്തൊഴുക്കുള്ള വെള്ളത്തില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നു.

അതേസമയം വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

മഴ ശക്തമായി തുടരുകയാണ്. രാവിലെ പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. കേന്ദ്രസേനയുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണവുമുണ്ട്.

ഓഗസ്റ്റ് എട്ടുമുതല്‍ 164 പേര്‍ക്ക് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായി. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ എത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ മൂന്ന്, എറണാകുളത്ത് അഞ്ച്, പത്തനംതിട്ടയില്‍ ഒന്ന്, ആലപ്പുഴയില്‍ ഒരു ഹെലികോപ്ടറും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പത്തനംതിട്ടയിലേക്കും ആലപ്പുഴയിലേക്കും രണ്ടു ഹെലികോപ്ടറുകള്‍ വീതം എത്തും. 11 ഹെലികോപ്ടറുകള്‍ കൂടി എയര്‍ ഫോഴ്‌സിനന്റെ കൈവശമുണ്ട്. അത് ആവശ്യാനുസരണം വേണ്ടയിടത്തേക്ക് എത്തിക്കും. പ്രതിരോധമന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ ഹെലികോപ്ടറുകള്‍ വേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു.

മറ്റ് സജ്ജീകരണങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ യോഗ തീരുമാനപ്രകാരം തൃശ്ശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകളെത്താന്‍ സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ വിവിധഭാഗങ്ങളിലേക്കും കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍, ചാലക്കുടി മേഖലകളിലെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തുക പ്രയാസമാണ്. അവരെ ഹെലി കോപ്ടര്‍ ഉപയോഗിച്ചേ രക്ഷപ്പെടുത്താനാവൂ. അത്തരം സ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് അനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

സൈന്യത്തിന്റെ 16 ടീമുകള്‍ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകള്‍ തൃശ്ശൂരിലുണ്ട്. വയനാട്ടില്‍ 10 ടീമും ചെങ്ങന്നൂരില്‍ നാലു ടീമും ആലുവയില്‍ 12 ടീമും പത്തനംതിട്ടയില്‍ മൂന്നു ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. നാവികസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

28 കേന്ദ്രങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന് രണ്ട് ഹെലികോപ്ടറുകളുമുണ്ട്.
എന്‍ ഡി ആര്‍ എഫിന്റെ 39 ടീമുകള്‍ രംഗത്തുണ്ട്. 14 ടീമുകള്‍ ഉടന്‍ തന്നെയെത്തും. ഇതിനോടകം 4000 പേരെ എന്‍ ഡി ആര്‍ എഫ് രക്ഷപ്പെടുത്തിയിട്ടുണ്ട്. നാവികസേന550 പേരെയും രക്ഷരപ്പെടുത്തി.