പ്രളയത്തില്‍ വിറങ്ങലിച്ച് പത്തനംതിട്ട; ഒറ്റപ്പെട്ട് ആയിരങ്ങൾ; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ

single-img
16 August 2018

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ. വീടുകളുടെ മുകള്‍ നിലയില്‍ കുടുങ്ങിക്കിടക്കുന്ന മിക്കവര്‍ക്കും ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയാണ്. ഇന്നലെ രാവിലെ മുതൽ ഭക്ഷണമില്ലാതെ കഴിയുന്നതിനാൽ വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ളവരിൽ ഏറെയും അവശരാണെന്നാണ് വിവരം. അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള വാർത്താ വിനിമയ ബന്ധവും തകരാറിലായിട്ടുണ്ട്. ഇതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ ബന്ധപ്പെടാനും കഴിയാതെയായി.

പമ്പയാര്‍ മുറിഞ്ഞൊഴുകുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് അസാധ്യമായി മാറുകയാണ്. ജില്ലയില്‍ ഇതോടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. ജനങ്ങളെ വള്ളങ്ങളിലും ബോട്ടുകളിലും രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ വെല്ലുവിളി ഇവ കരകളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്.

21 പേരെ ഇതിനകം ജില്ലയില്‍ നിന്നു മാത്രം വ്യോമസേന രക്ഷപ്പെടുത്തി. അതേസമയം, റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടുള്ള സാഹചര്യത്തില്‍ അപ്പര്‍ക്കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഉയര്‍ന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാന്‍ തയാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ പുതപ്പുകള്‍, കിടക്കകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്യാമ്പുകളില്‍ എത്തിക്കുകയോ, കണ്‍ട്രോള്‍ റൂമുകളില്‍ എത്തിക്കുകയോ ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.