മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല; കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി

single-img
16 August 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി എത്തിയ സാഹചര്യത്തില്‍ ഡാം സുരക്ഷിതമാക്കാനായി ജലനിരപ്പ് കുറയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായി അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്‌ക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്.

സുരക്ഷയുടെ എല്ലാ വശങ്ങളും വിദഗ്ധര്‍ വിലയിരുത്തിയ ശേഷമാണ് മറുപടിയെന്നാണ് കത്തിലെ പരാമര്‍ശം. നിലവില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന അത്രയും വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍റെ വൃഷ്ടിപ്രദേശങ്ങള്‍ പരിശോധിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്നും ഈ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര അടി ജലം ഡാമിലെത്തുമെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

മുലപ്പെരിയാര്‍ ഡാം പരിസരങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് 1.65 കോടി രൂപ തമിഴ്നാട് കെഎസ്ഇബിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എടപ്പാടി കത്തില്‍ പറയുന്നു.

സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. 142 അടി വരെ ജലിനരപ്പ് ഉയര്‍ന്നാലും ഡാം സരക്ഷിതമാണെന്നാണ് തമിഴ്നാട് നേരത്തേയും വ്യക്തമാക്കിയിരുന്നത്. കേന്ദ്രം ഇടപെട്ടിട്ടും തങ്ങളുടെ നിലപാട് തിരുത്താന്‍ ഇവര്‍ തയ്യാറായില്ല.