14 ജില്ലകളിലും റെഡ് അലര്‍ട്ട്; ദുരന്തപ്പെയ്ത്തില്‍ മരണം 11: അതിജാഗ്രത

single-img
15 August 2018

സംസ്ഥാനത്തെമ്പാടും കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നതിനിടെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുരന്തപ്പെയ്ത്തിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ മഴ ദുരിതത്തിന് ഉടന്‍ ആശ്വാസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒറീസ്സ തീരത്തെ ന്യൂനമര്‍ദ്ദം ശക്തമായതാണ് കേരളത്തില്‍ കനത്ത മഴക്ക് വഴി വച്ചത്. ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും കനത്ത മഴ തുടരും.

എറാണകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് ആയിരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തി. പ്രളയക്കെടുതി നേരിടാന്‍ മനുഷ്യാസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

39 ഡാമുകളിൽ 35 എണ്ണവും തുറന്നുവിട്ടു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താനും കടലില്‍ ഇറങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.