നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

single-img
15 August 2018

തിരുവനന്തപുരം: മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ ശനിയാഴ്ച വരെ നിറുത്തി. നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് നടത്തിപ്പുകാരായ സിയാൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി പിന്നീട് അറിയിച്ചു.

നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുമെന്ന് അധകൃതര്‍ അറിയിച്ചു. ഏതാനും വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട് കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കിയത്.

ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുകയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഇവയ്ക്ക് പുറമെ, ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈയിലേക്കും, ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം ബെംഗളൂരുവിലേക്കും വഴിതിരിച്ച് വിട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0484 3053500, 2610094.