നെടുമ്പാശേരി വിമാനത്താവളം അടച്ചു

single-img
15 August 2018

വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെ തുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി.

മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാർ തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.