മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 9 പേര്‍ മരിച്ചു; ഇന്ന് മാത്രം മരിച്ചത് 26 പേർ

single-img
15 August 2018

സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തില്‍ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്ന് മലപ്പുറം കൊണ്ടോട്ടിയിൽ മാത്രം രണ്ട് അപകടങ്ങളിലായി മരിച്ചത് 10 പേരാണ്. വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടങ്ങൾ.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടി ചെറുകാവിനടുത്ത് കൊടപ്രത്ത് അസ്കറിന്‍റെ ഇരുനില വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അസ്കറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെയോടെ വീടിന് പിന്നിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. ഇത് കണ്ട് കോഴിക്കൂട് മാറ്റാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തുടർന്നുണ്ടായ വലിയ മണ്ണിടിച്ചിലിൽ എല്ലാവരും മണ്ണിനടിയിൽപെട്ടു.

ഉടൻ തെരച്ചിൽ തുടങ്ങിയെങ്കിലും എത്ര പേർ കുടുങ്ങിയെന്നോ, എത്ര പേരെ ഇനി പുറത്തെത്തിക്കാനുണ്ടെന്നോ തെരച്ചിൽ സംഘത്തിന് ഒരു സൂചനയുമുണ്ടായിരുന്നില്ല. അരമണിക്കൂറിനകം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബാവ എന്ന് വിളിക്കുന്ന മുഹമ്മദലിയെ ജീവനോടെ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബാക്കി മൃതദേഹങ്ങൾ കണ്ടെത്തിയത്.

വീട്ടുടമ അസ്കറിന്‍റെ സഹോദരൻ ബഷീർ, ബഷീറിന്‍റെ മകൻ മുഷ്ഫിക്, അസ്കറിന്‍റെ സഹോദരഭാര്യ ഹൈറുന്നിസ, അയൽവാസികളായ മുഹമ്മദലി, മക്കളായ സഫ്‍വാൻ, ഇർഫാൻ അലി, അയൽവാസികളായ മൂസ ഇല്ലിപ്പുറത്ത്, സാബിറ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡി.കോളേജാശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരും.

കൊണ്ടോട്ടി കൈതക്കുണ്ടിൽ അസീസ്, ഭാര്യ സുനീറ, മകൻ ആറ് വയസുകാരനായ ഉബൈദ് എന്നിവരാണ് മണ്ണിടിഞ്ഞുവീണ് ഉണ്ടായ മറ്റൊരു അപകടത്തിൽ മരിച്ചത്. രാത്രി 2 മണിയോടെ ഇവരുടെ കിടപ്പുമുറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. മണ്ണ് വീണ ആഘാതത്തിൽ വീട് ഇടിയാറായി നിൽക്കുന്നതിനാൽ ആർക്കും അകത്ത് കയറാനായില്ല.

ചിറയിന്‍കീഴില്‍ വീടിന്റെ ചുവര് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. റാന്നി ഇടിയപ്പാറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. എല്ലയ്ക്കലില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കിട്ടി. മോട്ടോര്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഹരിപ്പാട് സ്വദേശി ജയകൃഷ്ണന്‍ മരിച്ചു.

കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു. സംസ്ഥാനത്തെ 34 ഡാമുകള്‍ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.