അമേരിക്കയില്‍ 14 വയസ്സുകാരന്‍ ഗവര്‍ണറാകാന്‍ മത്സരിക്കുന്നു

single-img
15 August 2018

അമേരിക്കയില്‍ 14 വയസ്സു പ്രായമുള്ള ആണ്‍കുട്ടികള്‍ സാധാരണ വീഡിയോ ഗെയിമിലും ഗേള്‍ഫ്രണ്ട്സിന്‍റെ പുറകേ കറങ്ങാനും ബാസ്ക്കറ്റ് ബോള്‍ കളിക്കാനും ഒക്കെയാണ് സമയം കണ്ടെത്തുന്നത്. എന്നാല്‍ ഈതന്‍ സോണ്‍ബേണിന്‍റെ കഥ വ്യത്യസ്തമാണ്. ഈതന്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത് അമേരിക്കയിലെ ഗവര്‍ണര്‍ ആകാനാണ്.

വെര്‍മോണ്ട് സംസ്ഥാനത്തെ ഗവര്‍ണര്‍ ആകാനാണ് ഈതന്‍ മത്സരിക്കുന്നത്. ഈ സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനത്ത് മത്സരിക്കാന്‍ പ്രായം പ്രശ്നമല്ല. നാലു വര്‍ഷം വെര്‍മോണ്ടില്‍ സ്ഥിരതാമസക്കാരനായിരിക്കണം എന്ന നിബന്ധന മാത്രമേയുള്ളൂ. ഈതന്‍ ജനിച്ച നാള്‍ മുതല്‍ ഇവിടെ തന്നെയാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഈതന്‍ മത്സരിക്കുന്നത്. മധ്യവര്‍ഗ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഈതന് വിദ്യാഭ്യാസം, സാന്പത്തികം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്ക്കരണത്തെക്കുറിച്ച് നല്ല അവബോധവും പുത്തന്‍ ആശയങ്ങളുമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തുടങ്ങിയ ഈതന്‍റെ വെബ് സൈറ്റ് വ്യക്തമാക്കുന്നു.

ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് കരുതി ഇവനെ അവഗണിക്കരുതെന്നും, വെബ് സൈറ്റിലെ പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ‘എനിക്ക് തോന്നുന്നു, ഞാനാണ് അമേരിക്കന്‍ ജനത ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെന്ന് ‘ – ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഈതന്‍ പറഞ്ഞു.

ട്രാന്‍സ് ജെന്‍ഡറായ ക്രിസ്റ്റീന്‍ ഹാള്‍ക്രിസ്റ്റ് , പരിസ്ഥിതി പ്രവര്‍ത്തകനും റിട്ട. നാവിക ഉദ്യോഗസ്ഥനുമായ ജെയിംസ് എലേര്‍സ് , ഡാന്‍സ് ഫെസ്റ്റിവല്‍ എക്സിക്യുട്ടീവ് ഡയക്ടര്‍ ബൃന്ദ സീഗള്‍ എന്നിവരാണ് ഈതന്‍റെ എതിരാളികള്‍ .