തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

single-img
14 August 2018

തൂത്തുക്കുടി വെയിവയ്‌പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ട് മദ്രാസ് കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് സി.ടി.സെൽവം, ജസ്‌റ്റിസ് എ.എം.ബഷീർ എന്നിവർ ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധ സമരത്തിനിടെ നടന്ന പോലീസ് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച കേസ് ഡയറി, മിനുട്ട്‌സ് കോപ്പി, ഇന്റലി‌ജൻസ് റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ച ശേഷമാണ് കോടതി കേസ് സി.ബി.ഐയ്‌ക്ക് വിട്ടത്. പ്രതിഷേധസമരം നടത്തിയവര്‍ക്ക് നേരെ വെടിവെയ്പിന് ഉത്തരവിട്ടതും സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തതും ദേശീയ സുരക്ഷാ നിയമവും ക്രിമിനല്‍ നിയമവും അനുസരിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

തൂത്തുക്കുടിയിലെ ചെമ്പ് ഉത്പാദന ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടവരുത്തുന്നുവെന്നതാണ് വന്‍ പ്രതിഷേധമുയരാന്‍ കാരണമായത്. അതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരം 13 പേരുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഫാക്ടറിയുടെ വിപുലീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മെയ് 22 നാണ് വെടിവെയ്പുണ്ടായത്.