ഉമര്‍ ഖാലിദിനുനേരെയുളള വധശ്രമത്തെ ന്യായീകരിച്ച് ടി.ജി മോഹന്‍ദാസ്

single-img
14 August 2018

ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനുനേരെയുളള വധശ്രമത്തെ ന്യായീകരിച്ച് ടി.ജി മോഹന്‍ദാസ്. നിന്നെക്കണ്ടാല്‍ ആര്‍ക്കും ഒന്നു കൊല്ലാന്‍ തോന്നുമെന്ന് പറഞ്ഞാണ് മോഹന്‍ദാസ് ആക്രമണത്തെ ന്യായീകരിച്ചത്.

ഖാലിദിന്റെ വാര്‍ത്ത കണ്ടപ്പോള്‍ പറവൂര്‍ ഭരതന്‍ ഫിലോമിനയോടു പറഞ്ഞ ഡയലോഗ് ഓര്‍മ്മ വന്നു: നിന്നെക്കണ്ടാല്‍ ആര്‍ക്കും ഒന്നു കൊല്ലാന്‍ തോന്നും. ഈ എനിക്കു തന്നെ പലതവണ അത് തോന്നീട്ടുണ്ട്.’ എന്നാണ് ടി.ജി മോഹന്‍ദാസിന്റെ പോസ്റ്റ്. പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം ബിജെപി വക്താക്കളും ചില മാധ്യമ പ്രവര്‍ത്തകരും തന്നെ രാജ്യദ്രോഹിയായി മുദ്ര കുത്തുന്നുവെന്ന് ജെഎന്‍യു സമര നേതാവ് ഉമര്‍ ഖാലിദ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇക്കൂട്ടര്‍ വിദ്വേഷ പ്രചാരണം നടത്തുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണിവരെന്നും ഉമര്‍ പറഞ്ഞു.

‘എനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഈ മാധ്യമ പ്രവര്‍ത്തകരും ബിജെപി നേതാക്കളുമാണ്. ഞാന്‍ ദേശീയതയ്ക്ക് എതിരാണെന്ന് വ്യാപകമായി ഇവര്‍ പ്രചരിപ്പിച്ചു. ഇത് എന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു’ ഉമര്‍ വ്യക്തമാക്കി. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഉമര്‍ ഖാലിദിന്റെ പ്രതികരണം.

പാര്‍ലമെന്റിനു 200 മീറ്ററിനുള്ളിലാണ് തിങ്കളാഴ്ച ഉമര്‍ ഖാലിദിന് നേരെ വധ ശ്രമമുണ്ടായത്. അതീവ സുരക്ഷാമേഖലയായ പാര്‍ലമെന്റിനു തൊട്ടടുത്തു ഉമര്‍ ഖാലിദിനെ വെടിവെച്ചു കൊലപ്പെടുത്താനുള്ള ശ്രമം ഉമറിന്റെ കൂട്ടുകാരുടെ ഫലപ്രദമായ ചെറുത്തു നില്‍പ്പിലൂടെ പരാജയപ്പെടുകയായിരുന്നു.

ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പുണ്ടായ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ന്യായീകരണവുമായി ഡല്‍ഹി പൊലീസ്. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടക്കാനിരിക്കുന്ന പരിപാടിയെക്കുറിച്ച് മുന്‍കൂട്ടി തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.