രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികൾ ആഹ്‌ളാദത്തില്‍

single-img
14 August 2018

റെക്കോർഡ‍് തകർച്ചയിൽ ഇന്ത്യൻ രൂപ. ആദ്യമായി ഒരു ഡോളറിന് 70.07 രൂപയായി. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ 69.85 ആയിരുന്നു രൂപയുടെ മൂല്യം. അവസാനിച്ചപ്പോൾ 69.93 ഉം. വെള്ളിയാഴ്ച അവസാനിച്ചപ്പോൾ 68.83 ആയിരുന്നു വിനിമയ മൂല്യം. തുർക്കിയിലെ സാമ്പത്തിക മാന്ദ്യമാണ് ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നത്. രൂപയുടെ മൂല്യം ഇനിയുമിടിഞ്ഞ് 71ലെത്തുമെന്നാണു വിലയിരുത്തൽ.

അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുവന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടി. സമീപകാലത്ത് ഇതാദ്യമായാണ് പ്രവാസികൾക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്സ്‌ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു.

വിവിധ ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴിയുള്ള ഓൺലൈൻ ട്രാൻസ്ഫറിനും ആകർഷകമായ നിരക്ക് കിട്ടുന്നുണ്ട്. ഓൺലൈനായി പണം അയയ്ക്കുമ്പോൾ സർവീസ് ചാർജ് ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്.