വയനാടും കോഴിക്കോടും കനത്ത മഴ: മൂന്നാര്‍ ഒറ്റപ്പെടുന്നു; മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു

single-img
14 August 2018

മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട് ജില്ലയും കോഴിക്കോടന്‍ മലയോര പ്രദേശങ്ങളും വീണ്ടും ആശങ്കയിലായി. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി. തലപ്പുഴയ്ക്കടുത്ത്‌ കമ്പിപ്പാലത്ത് തോട്ടില്‍വീണ് ഒരാളെ കാണാതായി. തലപ്പുഴ, പേര്യ ഭാഗങ്ങളിലെ തോടുകളെല്ലാം നിറഞ്ഞു കവിഞ്ഞു. പലഭാഗങ്ങളും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

സമാന സാഹചര്യമാണ് കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റും പലയിടങ്ങളിലും വീശിയടിക്കുന്നത് ഏറെ ആശങ്കയാണുണ്ടാക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അതിനിടെ കനത്ത മഴ തുടരുന്നതിനിടെ മൂന്നാര്‍ പ്രളയഭീതിയില്‍. റോഡുകളെല്ലാം വെള്ളക്കെട്ടുകളായതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ അതീവ ജാഗ്രത നിര്‍ദേശം നല്കിയിരിക്കുകയാണ്. സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് അധികൃതര്‍.

മൂന്നാറിലൂടെയൊഴുകുന്ന മുതിരപ്പുഴ മുമ്പൊരിക്കലും ഇല്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. അമ്പത് വര്‍ഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഴയ മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബസ്സുകള്‍ മാത്രമാണ് മൂന്നാര്‍ ടൗണിലേക്ക് സര്‍വ്വീസ് നടത്തുന്നത്.

അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ 136.8 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയത് 2397 അടിയാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്.

ഉച്ചക്ക് ഒരു മണിക്കൂറിനുള്ളില്‍ 16000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. ഉച്ചവരെ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് 0.7 അടിയാണ്. തമിഴ്‌നാട് 2200 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. അതിലേറെ ജലം ഒഴുകിയെത്തുന്നതാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്. മേഘലയില്‍ കനത്ത മഴ തുടരുകയാണ്.