നെടുമ്പാശേരിയിൽ കുവൈറ്റ് എയർവെയ്സിന്റെ വിമാനം അപകടത്തിൽപ്പെട്ടു

single-img
14 August 2018

ഇന്നു പുലർച്ചെ കുവൈറ്റിൽനിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയർവെയ്സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാൻഡ് ചെയ്തത്. ഇറങ്ങുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയിൽനിന്ന് ഏതാനും മീറ്റർ വലത്തോട്ടു മാറിയാണു ലാൻഡു ചെയ്തത്.

വിമാനത്തിന്റെ ചിറകിടിച്ച് റൺവേയിലെ അഞ്ചു ലൈറ്റുകൾ നശിച്ചു. വിമാനം ഉടൻ നിയന്ത്രണത്തിലാക്കാൻ പൈലറ്റിനു കഴിഞ്ഞു. തുടർന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. മറ്റു നാശനഷ്ടങ്ങളില്ല.

163 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. ഈ സമയം ഇറങ്ങാനെത്തിയ ഇൻഡിഗോയുടെ ദുബായിൽനിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു. ഈ വിമാനം തുടർന്ന് ഏഴരയോടെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി തുടർ സർവീസുകൾ നടത്തി. അപകടത്തിൽപ്പെട്ട കുവൈറ്റ് എയർവെയ്സ് വിമാനം സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി ഇവിടെനിന്നുള്ള യാത്രക്കാരെയും കയറ്റി 9.30ന് പുറപ്പെട്ടു.