വിരാട് കോലിക്ക് ഐ.സി.സി.യുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി

single-img
14 August 2018

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐ.സി.സി.യുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. കഴിഞ്ഞയാഴ്ചത്തെ റാങ്കിങ്ങിലാണ് കോലി സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഒന്നാം ടെസ്റ്റില്‍ 149 ഉം 51 ഉം റണ്‍സെടുത്ത് ഓഗസ്റ്റ് അഞ്ചിന് ഒന്നാം സ്ഥാനത്തെത്തിയ കോലി സച്ചിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയിരുന്നു.

2011ലാണ് സച്ചിന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായത്. എന്നാല്‍, രണ്ടാം ടെസ്റ്റില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കോലിക്കായില്ല. 23, 17 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ നായകന്റെ സ്കോറുകള്‍. ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിനും 159 റണ്‍സിനും തോല്‍ക്കുകയും ചെയ്തു. കോലിക്ക് ഇപ്പോള്‍ 919 പോയിന്റാണുള്ളത്. 929 പോയിന്റോടെയാണ് സ്മിത്ത് ഒന്നാം റാങ്ക് പിടിച്ചെടുത്തത്.

ഇന്ത്യയെ തകര്‍ത്ത ജെയിംസ് ആന്‍ഡേഴ്സണും ഇത്തവണത്തെ റാങ്കിങ്ങില്‍ ചരിത്രംനേട്ടം സ്വന്തമാക്കി.
38 വര്‍ഷത്തിനുശേഷം 900 ടെസ്റ്റ് റാങ്കിങ് പോയിന്റ് സ്വന്തമാക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ബൗളര്‍ എന്ന ഖ്യാതിയാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇംഗ്ലീഷ് ബൗളറാണ് ആന്‍ഡേഴ്സണ്‍.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആന്‍ഡേഴ്സണു മാത്രമേ 900 കൂടുതല്‍ പോയിന്റുള്ളൂ. ഇന്ത്യയുടെ ആര്‍. അശ്വിന്‍ 849 പോയിന്റോടെ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിന് മൂന്നാം സ്ഥാനത്തേയ്ക്ക് കയറ്റം കിട്ടി.