മഴ കനത്തു; പലയിടത്തും ഉരുള്‍പൊട്ടല്‍; ഇടുക്കി ഡാമിന്‍റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു; പാലക്കാട് എല്ലാ ഡാമുകളും തുറന്നു; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

single-img
14 August 2018

മലബാര്‍ ജില്ലകളില്‍ മഴ ശക്തമായതോടെ വീണ്ടും ഉരുള്‍പൊട്ടല്‍. കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പൊട്ടി. മാട്ടുപ്പെട്ടി ഡാം തുറന്നതോടെ ഒറ്റപ്പെട്ട മൂന്നാര്‍ നഗരത്തില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജലനിരപ്പ് വീണ്ടുമുയര്‍ന്നതിനാല്‍ ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു.

മുല്ലപ്പെരിയാരില്‍ ജലനിരപ്പ് 137 അടിയും കടന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തൃശൂരും കണ്ണൂരുമായി രണ്ടു പേര്‍ മരിച്ചു. താമരശേരിയിലും വയനാട്ടിലുമായി രണ്ടുപേരെ കാണാതായി. വീണ്ടും കാലവര്‍ഷം കലിതുള്ളിപ്പെയ്തതോടെ സംസ്ഥാനമാകെ വീണ്ടും ദുരിതത്തിലാവുകയാണ്.

വയനാട്ടില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത് നിലവില്‍ ഒറ്റപ്പെട്ട സ്ഥിതിയിലുള്ള ജില്ലയെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. അപ്രതീക്ഷിതമായി വെള്ളം ഒഴുകിവന്നതോടെ പാലക്കാട് ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു വിട്ടു.

നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായി. ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിത്തുടങ്ങിയത് തൃശൂര്‍ ജില്ലയുടെ മലയോര മേഖലയേയും പ്രതിസന്ധിയിലാക്കി. അതിരപ്പിള്ളി മലക്കപ്പാറ വാല്‍പ്പാറ റോഡില്‍ ഗതാഗതം താറുമാറായ നിലയിലാണ്.

കനത്തമഴയില്‍ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നതിനാല്‍ പമ്പയില്‍ വെള്ളപ്പൊക്കം. മരം കടപുഴകി. പാലങ്ങള്‍ അപകടാവസ്ഥയിലായതിനാല്‍ ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് വേണ്ട സാധനങ്ങളുമായി വണ്ടിപ്പെരിയാര്‍ പുല്ലുമേട് വഴിയാണ് തന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോകുന്നത്.

അതിനിടെ വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ഇന്നലെ വൈകുന്നരം അടച്ച രണ്ട് ഷട്ടറുകൾ വീണ്ടും തുറന്നു. ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ആറ് മണിയോടെ വീണ്ടും തുറന്നത്. ഇതോടെ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടി. പെരിയാറിന്‍റെ ഇരുകരകളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാറിൽ ജലം ഉയരുന്നതോടെ ചെറുതോണി പാലം വീണ്ടും വെള്ളത്തിനടിയിലായേക്കും.