കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ; കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
14 August 2018

കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമാകാൻ ഇടയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും മഴ തുടരാനാണ് സാധ്യത.

കോഴിക്കോട്, വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിലും രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 168.71 മീറ്ററാണ്. നാല് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.88 അടിയായി. 2,3,4 ഷട്ടറുകള്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ല. ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയിൽ ഉരുൾപൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നതോടെ രണ്ടു ഷട്ടറുകൾ ഇന്നലെ വൈകിട്ട് അടച്ചു. ബാക്കി മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം താഴ്ത്തി.

മുല്ലപ്പെരിയാർ ജലനിരപ്പ് 135.30 അടിയായി ഉയർന്നെങ്കിലും മേഖലയിൽ മഴ കുറഞ്ഞിട്ടുണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടു തുറക്കുന്നതും കനത്ത മഴയും പരിഗണിച്ച് മുൻകരുതലായി മൂന്നാറിലേക്കു ദുരന്തനിവാരണ സേനയുടെ സംഘത്തെ അയച്ചു.