മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

single-img
13 August 2018

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. എണ്‍പത്തൊമ്പത് വയസായിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്‌കാഘാതമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ നില മോശമാവുകയായിരുന്നു.

പത്തു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു. യുപിഎ സര്‍ക്കാരിനു സിപിഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു സ്പീക്കര്‍ പദവിയില്‍നിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ല്‍ പാര്‍ട്ടി പുറത്താക്കി.

യുപിഎ സര്‍ക്കാരിനു നല്‍കിവന്ന പിന്തുണ ആണവക്കരാര്‍ വിഷയത്തെച്ചൊല്ലി സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കാന്‍ സോമനാഥ് തയാറായില്ല. തുടര്‍ന്നാണു പുറത്താക്കിയത്. പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ തനിക്കു മോഹമുണ്ടെന്നും താന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റര്‍ജി സിപിഎമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

ഇടതു പാര്‍ട്ടികളുടെ അപചയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകള്‍ക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റര്‍ജി വിമര്‍ശിച്ചു. പാര്‍ട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താന്‍ തിരികെ പാര്‍ട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.

രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നാണു സ്പീക്കര്‍ പദവി വിവാദത്തോട് ചാറ്റര്‍ജി പ്രതികരിച്ചത്. വിശ്വാസ വോട്ടില്‍ സ്പീക്കര്‍ പദം രാജിവച്ചു യുപിഎ സര്‍ക്കാരിനെതിരെ നിലകൊള്ളാന്‍ സിപിഎം സോമനാഥിനു മേല്‍ സമ്മര്‍ദംചെലുത്തിയിരുന്നു. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന താന്‍ പാര്‍ട്ടി തീട്ടൂരങ്ങള്‍ക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.