സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; പമ്പയിലെ സ്ഥിതി അപകടകരം; ശബരിമല ഒറ്റപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഒന്നോ രണ്ടോ മേഖലകളില്‍ 11 സെന്റിമീറ്റര്‍ വരെ കനത്ത മഴയുണ്ടാകും. ചിലപ്പോള്‍ 20 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകാനും സാധ്യതയുണ്ട്.
ആലപ്പുഴയില്‍ രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച വരെ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നു മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. പടിഞ്ഞാറന്‍ മേഖലകളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവാശാന് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വരെ തീരദേശത്ത് കനത്ത വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിറപുത്തരി പൂജയ്ക്കായി നാളെ വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കാനിരിക്കെയാണിത്.
അയ്യപ്പന്മാര് ശബരിമല ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്ക്കാലം ഒഴിവാക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. പമ്പ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഭക്തര്‍ക്ക് നദി മുറിച്ചു കടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പമ്പയിലും ത്രിവേണിയിലും വെള്ളം കയറിയതിനാല്‍ നദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും മുങ്ങിയിരിക്കുകയാണ്.
പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. അതിനാല്‍ തന്നെ ജലനിരപ്പ് താഴാതെ ശബരിമലയിലേക്ക് പോകുന്നത് അപകടസാദ്ധ്യതയേറ്റും. ത്രിവേണി പാലം കടന്നുവേണം പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് പോകേണ്ടത്. എന്നാല്‍ വെള്ളം കയറിയതിനാല്‍ പാലം കടന്ന് മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. സന്നിധാനവും തികച്ചും ഒറ്റപ്പെട്ടു. വൈദ്യുതി തൂണികള്‍ തകര്‍ന്ന് നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.