കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച; കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് 150 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

single-img
13 August 2018

കാസര്‍കോട് കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ കവര്‍ച്ച. കുശാല്‍ നഗറില്‍ എം.പി. സലീമിന്റെ വീട്ടില്‍ നിന്ന് 150 പവന്‍ സ്വര്‍ണാഭരണങ്ങളും, മുപ്പത്തയ്യായിരം രൂപയും മോഷണം പോയി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെ തൈക്കടപ്പുറത്തെ ബന്ധുവീട്ടില്‍ പോയ കുടുംബം വൈകീട്ടു നാലുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മടങ്ങിയെത്തിയ കുടുംബം മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ അടുക്കളഭാഗത്ത് പരിശോധന നടത്തി.

ഈ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. വീടിന്റെ പിറകിലുള്ള ചായ്പിലെ ഗ്രില്‍സിന്റെ പൂട്ടുപോളിച്ച് ഉള്ളില്‍ക്കയറിയ മോഷ്ടാവ് തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന പാരയെടുത്താണ് അടുക്കളവാതിലും പിന്നീട് ലോക്കറും തുറന്നത്. കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്താണ് മോഷ്ടാവ് സ്വര്‍ണം കൈക്കലാക്കിയത്.

കവര്‍ച്ച ചെയ്യപ്പെട്ട ആഭരണത്തില്‍ മുക്കാല്‍ഭാഗവും സലീമിന്റെ ഭാര്യ സുല്‍ഫാനയുടെതാണ്. സലീമിന്റെയും സുല്‍ഫാനയുടെയും വിവാഹം മൂന്നുമാസം മുന്‍പാണ് നടന്നത്. വീട്ടിനുള്ളില്‍ ആഭരണമുണ്ടെന്ന് വ്യക്തമായി അറിയുന്ന ആരോ കവര്‍ച്ചയ്ക്ക് പിറകിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

അതിനാല്‍ വീടിനെക്കുറിച്ച് നന്നായി അറിയുന്നവര്‍തന്നെയാണ് കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു. വീട്ടുകാരുടെ മൊഴി ഹൊസ്ദുര്‍ഗ് പൊലീസ് രേഖപ്പെടുത്തി. രണ്ടു മാസം മുമ്പ് കാഞ്ഞങ്ങാടിന് സമീപം വെള്ളിക്കോത്ത് തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും, പണവും കവര്‍ന്ന കേസിലും ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.