റഫാല്‍ വിമാന ഇടപാടില്‍ സംവാദത്തിന് തയ്യാറാണോ?: മോദിയെ പരസ്യമായി വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

single-img
13 August 2018

റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ സംവാദത്തിനായി പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുന്നുവെന്നും അദ്ദേഹത്തിന് വിഷയം വിശദീകരിക്കാന്‍ എത്ര സമയം വേണമെങ്കിലും അനുവദിക്കാമെന്നും രാഹുല്‍ പറഞ്ഞു.

‘റഫാല്‍ ഇടപാടിനെ കുറിച്ച് താനുമായുള്ള സംവാദത്തില്‍ മോദിക്ക് എത്ര മണിക്കൂറുകള്‍ വേണമെങ്കിലും സംസാരിക്കാം. എന്നാല്‍ വിഷയത്തില്‍ ഒരു സെക്കന്റു പോലും അദ്ദേഹത്തിന് തന്റെ മുഖത്തുനോക്കി സംസാരിക്കാനാവില്ലെന്നും ‘രാഹുല്‍ വിമര്‍ശിച്ചു.

വന്‍കൊള്ള നടത്തിയ ഒരാള്‍ക്ക് മുഖത്തു നോക്കി സംസാരിക്കാന്‍ കഴിയില്ല. മോദിക്ക് തന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാന്‍ ഭയമാണ്. അദ്ദേഹം എവിടെയൊക്കെ നോക്കിയാലും തന്റെ കണ്ണിലേക്ക് നോക്കാറില്ലെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബിദറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നികുതിദായകരുടെ പണം റഫേല്‍ ഇടപാട് കടലാസ് കമ്പനിയുണ്ടാക്കി കൈക്കലാക്കിയ പ്രധാനമന്ത്രിയുടെ സുഹൃത്തിന് നല്‍കുകയാണെന്നും മോദിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.