വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ടു വൈദികര്‍ കൂടി കീഴടങ്ങി

single-img
13 August 2018

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കീഴടങ്ങി. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പ്രതികളോട് ഇന്ന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നാലാംപ്രതി ജെയ്‌സ് കെ.ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലുമാണ് കീഴടങ്ങിയത്.

പരാതിക്കാരിയെ പതിനാറാം വയസു മുതല്‍ ബലാത്സംഗം ചെയ്തുവെന്നാണ് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിനെതിരെ ചുമത്തിയ കുറ്റം. കൗണ്‍സിലിങ് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് നാലാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജിനെതിരായ കുറ്റം.

അറസ്റ്റിനു ശേഷം വൈദികര്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്നു തന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കീഴടങ്ങിയത്. വൈദികര്‍ ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ സുപ്രിം കോടതിയെ വിവരം അറിയിച്ച ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.

രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ നേരത്തെ തന്നെ കീഴടങ്ങിയിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 12 നാണ് രണ്ടാം പ്രതി ജോബ് മാത്യു കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.

ജൂലൈ 13 ന് മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 23 നാണ് മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ന് രണ്ടാം പ്രതി ജോബ് മാത്യുവിനും കോടതി ജാമ്യം നല്‍കി.

പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കണം, ആഴ്ചയില്‍ രണ്ട് ദിവസം സ്‌റ്റേഷനില്‍ ഹാജരാകണം, ഇരയെയോ അവരുടെ ബന്ധുക്കളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.