Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം കൈമാറി

പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും സംഭാവന നല്‍കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി.

മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

നേരത്തെ, മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. തുക മുഖ്യമന്ത്രിക്ക് നാളെ കൈമാറും. താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലും പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നും ജഗദീഷ് പറഞ്ഞു. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു. അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു.

സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയും അറിയിച്ചിട്ടുണ്ട്.