മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാലിന്റെ വക 25 ലക്ഷം രൂപ

single-img
13 August 2018

പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി. തുക മുഖ്യമന്ത്രിക്ക് നാളെ കൈമാറും. നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നും ജഗദീഷ് പറഞ്ഞു. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു. അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു.

സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെയും അറിയിച്ചിട്ടുണ്ട്.