17 ദിവസം കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി നീന്തിയ അമ്മത്തിമിംഗലം ‘വിലാപയാത്ര’ അവസാനിപ്പിച്ചു

single-img
13 August 2018

തന്റെ പൊന്നോമനയുടെ ചേതനയറ്റ ശരീരവുമായി നീന്തുന്ന അമ്മയുടെ കരളലയിക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. 17 ദിവസത്തോളം നീണ്ടുനിന്ന യാത്ര ഒടുവില്‍ അമ്മ തിമിംഗലം അവസാനിപ്പിച്ചു. 17 മാസത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയ്ക്ക് സമീപം അമ്മത്തിമിംഗലം കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍ പിറന്ന് വീണ ഉടന്‍തന്നെ കുഞ്ഞ് മരിച്ചുപോയി. ഇതിന്റെ കാരണം ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ കാത്തിരുന്ന കുട്ടി മരിച്ചെന്ന് അറിഞ്ഞിട്ടും അതിനെ ഉപേക്ഷിക്കാന്‍ അമ്മ തയ്യാറായില്ല. ദിവസങ്ങളോളം കുഞ്ഞിന്റെ മൃതദേഹവുമായി അമ്മ നീന്തി. ആഹാരം പോലും കഴിക്കാതെയാണ് കുഞ്ഞിന്റെ ശരീരത്തിന് അമ്മ കാവലിരുന്നത്.

കുഞ്ഞുങ്ങളോട് ഏറ്റവു അടുപ്പമുള്ളവരാണ് കൊലയാളിത്തിമിംഗലങ്ങളെന്നാണ് ഗവേഷകര്‍ പറയുന്നത്. ജനിച്ചയുടന്‍ തന്നെ പല കുഞ്ഞുങ്ങളും മരിക്കാറുണ്ട്. ഇങ്ങനെ മരിക്കുമ്പോള്‍ അമ്മ കുഞ്ഞിന് കാവലിരിക്കാറുമുണ്ട്. എന്നാല്‍ ഇത്രയധികം ദിവസം കുഞ്ഞിന് കാവലിരിക്കുന്ന അമ്മ തിമിംഗലം ഇത് റെക്കോര്‍ഡാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.