ചേട്ടാ… ഇച്ചിരി ഉപ്പ്, ഇനി ആ വെള്ളം എടുത്തേ…; ദുരിതാശ്വാസ ക്യാമ്പില്‍ ഇടുക്കി ജില്ലാ കളക്ടറെ കൊണ്ട് ‘പണിയെടുപ്പിച്ച്’ ഒന്നാം ക്ലാസുകാരന്‍

single-img
13 August 2018

ഇടുക്കി മുരിക്കാശേരി രാജപുരത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് രസകരമായ സംഭവം നടന്നത്. നാട്ടുകാരുടെ വിശേഷങ്ങള്‍ തിരക്കി എത്തിയതായിരുന്നു കലക്ടര്‍ ജീവന്‍ ബാബു. നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരനായ കുട്ടിയുടെ ചേട്ടായെന്ന വിളി കേട്ടാണ് കളക്ടര്‍ തിരിഞ്ഞു നോക്കിയത്.

ചേട്ടാ കുറച്ച് ഉപ്പ് തരാമോ എന്ന കുട്ടിയുടെ ചോദ്യം കേട്ട് കളക്ടര്‍ മടികൂടാതെ ഉപ്പ് വിളമ്പി കൊടുത്തു. ഉപ്പ് മാത്രമല്ല, ഗ്ലാസ് തന്നിട്ട് വെള്ളം തരാന്‍ വൈകിയതില്‍ പരിഭവിച്ച് കലക്ടറെ കൊണ്ട് തന്നെ വെള്ളം വാങ്ങിപ്പിച്ചിട്ടാണ് ഈ വിരുതന്‍ വിട്ടത്. എന്തായാലും ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വേള സന്തോഷം പകരുന്നതായി ഒന്നാം ക്ലാസുകാരന്റെ പ്രവൃത്തി.

പലരും ക്യാമ്പില്‍ നിന്ന് മടങ്ങിയാലും താമസിക്കാന്‍ സുരക്ഷിതമായ വീടില്ലെന്ന ആശങ്ക കളക്ടറെ അറിയിച്ചു. എല്ലാവര്‍ക്കും സുരക്ഷിത താമസം ഒരുക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നു കളക്ടര്‍ ഉറപ്പു നല്‍കി.