വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന ധോണി: ‘ഇത് ബാഹുബലി’യെന്ന് ആരാധകര്‍

single-img
13 August 2018

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്നതാണ് വീഡിയോ. ഇതിനൊപ്പം ഒരു കുറിപ്പും ഉണ്ട്. ‘തന്റെ ജന്മസ്ഥലമായ റാഞ്ചിയില്‍ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്.

വേണമെന്ന് തോന്നുമ്പോഴൊക്കെ എനിക്ക് ഇത് സാധിക്കും. പക്ഷേ ഒരു വെള്ളച്ചാട്ടത്തിനു കീഴില്‍ കുളിക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷമാണ്. ചില നല്ല ഓര്‍മകള്‍ ഇത് തിരികെ കൊണ്ടുവന്നു. ഒപ്പം സൗജന്യമായി ഒരു ഹെഡ് മസാജും’ ധോണി പറഞ്ഞു.

വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ധോണിയുടെ കുളിയെ ബാഹുബലിയുമായിട്ടും ആരാധകര്‍ ഉപമിക്കുന്നു. ബാഹുബലിയില്‍ പ്രഭാസ് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്ന ഒരു സീനുണ്ട്. അതുപോലെയാണ് ധോണിയുടെ കുളിയുമെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.