ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ കരാര്‍ നല്‍കിയത് ചൈനയ്ക്ക്

single-img
13 August 2018

ബെയ്ജിങ്: ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി റിപ്പോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേപ്പാള്‍, തായ്‌ലന്‍ഡ്, ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്കു കരാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം കറന്‍സി നോട്ടുകള്‍ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

കറന്‍സികള്‍ അച്ചടിക്കുന്ന ചൈനയിലെ പ്ലാന്റുകള്‍ക്കു സര്‍ക്കാര്‍ ഈ വര്‍ഷം പതിവിലും ഉയര്‍ന്ന ‘ക്വോട്ട’ നിശ്ചയിച്ചിട്ടും, രാജ്യവ്യാപകമായി എല്ലാ അച്ചടി കേന്ദ്രങ്ങളും പൂര്‍ണ തോതിലാണു പ്രവര്‍ത്തിക്കുന്നതെന്ന് ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചൈനയുടേതായി അച്ചടിക്കുന്ന കറന്‍സികള്‍ തീര്‍ത്തും കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്ത പുറത്തെത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ രംഗത്തെത്തി. ‘സത്യമാണെങ്കില്‍ ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. പാകിസ്താന് കള്ളനോട്ട് അടിക്കാന്‍ ഇത് എളുപ്പമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ദയവായി വ്യക്തമാക്കൂ…’അരുണ്‍ ജെയ്റ്റ്‌ലിയെയും നിലവിലെ ധനവകുപ്പു മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തു കൊണ്ട് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.