കേരളത്തിന് കൈത്താങ്ങായി എം.എ.യൂസഫലിയും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ

single-img
12 August 2018

പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

അതിനിടെ, താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നല്‍കി. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു.

പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.