രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കെതിരെ ഗോ ബാക്ക് വിളികളുമായി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍; അമ്പരന്ന് ബി.ജെ.പി നേതൃത്വം
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. വസുന്ധരയുടെ സ്വന്തം മണ്ഡലത്തില്‍ തന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയത്. കഴിഞ്ഞ 30 വര്‍ഷമായി മണ്ഡലത്തില്‍ നടമാടുന്ന അഴിമതിയിലും വികസനമുരടിപ്പിലും മനംമടുത്താണ് തങ്ങള്‍ സമരത്തിനിറങ്ങിയതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
500 ലധികം ബൈക്കുകളിലായി ആയിരത്തോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മുഖ്യമന്ത്രി വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി ജലാവാര്‍ മണ്ഡലത്തില്‍ ഉടനീളമായിരുന്നു ബൈക്ക് യാത്ര.
‘അഞ്ച് തവണയാണ് രാജെ ഈ മണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ എം.എല്‍.എ ആയും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. എന്നിട്ടും ഈ മണ്ഡലത്തിലെ സാധാരണക്കാരന് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല.
പാര്‍ട്ടിയെയും അവര്‍ ഇല്ലാതാക്കി. ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ ചവിട്ടിത്താഴ്ത്തി പകരം നിക്ഷിപ്ത താല്പര്യക്കാരെ കുത്തി നിറച്ചു’ പ്രമോദ് ശര്‍മ എന്ന ബി.ജെ.പി പ്രവര്ത്തകന് പറയുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വസുന്ധര രാജെയ്ക്ക് വോട്ട് ചെയ്യരുത് എന്നാണ് സമരക്കാര്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നത്.
എന്നാല്‍ സമരക്കാരുടെ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്നും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ടെന്നും ജലാവാര്‍ ജില്ലാ ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. സമരം നടത്തുന്നത് ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന റിബല്‍ നേതാവും വസുന്ധര രാജെയുടെ എതിരാളിയുമായ ഗനഷ്യാം തിവാരിയുടെ അണികളാണെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.