അച്ഛന്‍റെ പണം മോഷ്ടിച്ച് 15 വയസ്സുകാരന്‍ ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് സുഹൃത്തുക്കള്‍ക്ക് സമ്മാനം നല്‍കിയത് 46 ലക്ഷം രൂപ

single-img
12 August 2018

ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് അച്ഛന്‍റെ പണം മോഷ്ടിച്ച് 15 വയസ്സുകാരന്‍ തന്‍റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. 46 ലക്ഷം രൂപയാണ് സുഹൃത്തുക്കള്‍ക്ക് ഇവന്‍ നല്‍കിയത്. തന്‍റെ ചങ്ങാതിമാരോടുള്ള സ്നേഹപ്രകടനത്തിന് പയ്യന്‍ മോഷ്ടിച്ചെടുത്തത് പക്ഷേ, അച്ഛന്‍ വസ്തു വിറ്റ് സൂക്ഷിച്ചിരുന്ന പണമായിരുന്നു.

ഉത്തര്‍പ്രദേശിലെ ജബല്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജബല്‍പുരിലെ കെട്ടിടനിര്‍മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ 46 ലക്ഷം രൂപയാണ് മകന്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍ വാങ്ങി നല്‍കിയതും. 15 ലക്ഷം രൂപ കൂലിപ്പണിക്കാരന്‍റെ മകനായ കൂട്ടുകാരനും മൂന്നു ലക്ഷം രൂപ തനിക്ക് ഹോംവര്‍ക്ക് ചെയ്തു സഹായിക്കുന്ന സുഹൃത്തിനും നല്‍കി.

കെട്ടിടനിര്‍മ്മാതാവ് തനിക്ക് പണം നഷ്ടപ്പെട്ടതിനെകുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മോഷണം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഥയുടെ ചുരുളഴിയുന്നത്. സ്‌കൂളിലും കോച്ചിങ് സെന്‍ററിലുമായി 35 സഹപാഠികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്‌സ്‌ലെറ്റുകളും പത്താംക്ലാസ്സുകാരന്‍ വാങ്ങിക്കൊടുത്തത്.

സമ്മാനങ്ങള്‍ വാങ്ങി നല്‍കാന്‍ മാത്രം ഇവന്‍ ചെലവഴിച്ചത് പതിനാലു ലക്ഷം രൂപയായിരുന്നു. പയ്യന്‍ നല്‍കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങുകയും ചെയ്തു. നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബല്‍പുര്‍ പോലീസ്. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള സമന്‍സ് അയച്ചിട്ടുണ്ട്.