മനുഷ്യനെ ഓടിച്ച് പിന്തുടര്‍ന്ന അണ്ണാന്‍കുഞ്ഞ് ഒടുവില്‍ പൊലീസ് പിടിയിലായി

single-img
12 August 2018

തന്നെ പിറകെ ഓടിച്ച് ഉപദ്രവിക്കാന്‍ വന്ന അണ്ണാന്‍കുഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഒടുവില്‍ മനുഷ്യന് പൊലീസിന്റെ സഹായം തേടേണ്ടി വന്നു. ജര്‍മ്മനിയിലെ കാല്‍ശ്രുഗിയിലാണ് രസകരമായ സംഭവം. രാവിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിലവിളിയോടെ ഒരു മനുഷ്യന്റെ ഫോണ്‍കോള്‍ വന്നു.

തന്നെ ഒരു അണ്ണാന്‍കുഞ്ഞ് ഓടിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതായി പരാതിക്കാരന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. സ്ഥലം മനസ്സിലാക്കി പൊലീസ് എത്തിയപ്പോഴേക്കും കണ്ട കാഴ്ച ഒരു മനുഷ്യനെ അണ്ണാന്‍കുഞ്ഞ് പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നതാണ്.

ഒടുവില്‍ ഓടിത്തളര്‍ന്ന അണ്ണാന്‍ അവശനായി കിടന്നുറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായത്. പൊലീസ് ഉദ്യോഗസ്ഥര്‍ അണ്ണാന്‍ കുഞ്ഞിനെ പിടികൂടി മൃഗസംരക്ഷണ വകുപ്പിന് കൈമാറി. അമ്മയില്‍ നിന്നും വേര്‍പിരിഞ്ഞ അണ്ണാന്‍കുഞ്ഞ് തന്റെ അമര്‍ഷവും വേദനയും അപരിചതിനെ കണ്ടപ്പോള്‍ പ്രകടിപ്പിച്ചതാകാമെന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നത്.

ചില ജീവികള്‍ തങ്ങളുടെ വാസസ്ഥലമോ പ്രിയപ്പെട്ടവരേയോ വേര്‍പിരിയുമ്പോള്‍ ഇത്തരം സ്വഭാവപ്രകടനങ്ങള്‍ നടത്താറുണ്ടെന്നും വെറ്ററിനറി ഡോക്ടര്‍ വ്യക്തമാക്കി. ഒരു നീര്‍ നായ മനുഷ്യനെ ഓടിച്ച് പിന്തുടരുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലായിരുന്നു.