ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍; യുഎഇയില്‍ ഒരാഴ്ച അവധി

single-img
12 August 2018

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടത്. ഇതോടെ ഇന്നലെ ദുല്‍ഖഅദ് പൂര്‍ത്തിയാക്കി ഇന്ന് ദുല്‍ഹജ്ജ് മാസം പിറന്നു. ദുല്‍ ഹജ്ജ് എട്ടിന് അഥവാ ഈ മാസം 20നാണ് ഹജ്ജിന് തുടക്കമാവുക.

അറഫാ സംഗമത്തോടെയാണ് ഹജ്ജിന് തുടക്കമാവുക. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ അറഫാ ദിനത്തില്‍ ഒത്തുകൂടുന്ന ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്നേ ദിനം വ്രതമനുഷ്ഠിക്കും. ബലി പെരുന്നാള്‍ അറഫാ ദിനത്തിന് തൊട്ടടുത്ത ദിനം ആഗസ്ത് 21നാണ്.

അതേസമയം ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കുമാണ് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 19 മുതലാണ് അവധിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു.

ഓഗസ്റ്റ് 26 മുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേ സമയം സ്വകാര്യമേഖലക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. അഞ്ചു ദിവസം ദിവസത്തെ അവധി സ്വകാര്യ മേഖലക്കും നല്‍കാനാണ് സാധ്യത.