സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണം കേരളത്തില്‍ വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; ദുരിതാശ്വാസത്തിന് ഹിന്ദുക്കള്‍ ഒരുരൂപ പോലും നല്‍കരുതെന്ന് വിലക്കിയപ്പോള്‍ ഭണ്ഡാരം മുഴുവന്‍ നല്‍കി കണിയാശേരിയിലെ ക്ഷേത്രം

single-img
12 August 2018

കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കരുതെന്ന് സംഘപരിവാറുകാരുടെ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍. ദുരിതത്തിലകപ്പെട്ടവര്‍ക്ക് ധനസഹായമെത്തിക്കാനായി രൂപപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നാണ് ഇവരുടെ പ്രധാന ആഹ്വാനം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘപരിവാറുകാരാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ ഇവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. സംഘപരിവാര്‍ അനൂകൂല ഗ്രൂപ്പുകളിലാണ് വര്‍ഗീയ പോസ്റ്റുകള്‍ പ്രചരിപ്പിപ്പിക്കുന്നത്.

കേരളം ഈ ദുരിതം അര്‍ഹിക്കുന്നതാണെന്ന തരത്തിലും ദുരിതത്തില്‍ ആഹ്ലാദം രേഖപ്പെടുത്തിയും ദുരിതബാധിത പ്രദേശങ്ങളെ വര്‍ഗീയമായി തരംതിരിച്ചുമാണ് സംഘപരിവാര്‍ ട്വീറ്റുകളിലധികവും. ”മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത്, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അത് നക്‌സലുകള്‍ക്കും ജെന്‍എയുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി കൂട്ടായ്മയ്ക്കും നല്‍കും.

അത് കൊണ്ട് ആരും കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുത്.” ബാഗ്ലൂരിലെ സംഘപരിവാര്‍ അനുകൂലി ധനഞ്ജയ് ഉപാധ്യായ ട്വിറ്ററില്‍ ഈ വിധത്തിലാണ് ആഹ്വാനം ചെയ്തത്. കേരളത്തിലെ ആര്‍എസ്എസ് വക്താവ് ടി ജി മോഹന്‍ദാസും സമാനമായ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.

പ്രളയക്കെടുതിയെ തുടര്‍ന്ന് തീവ്രമുസ്ലിം വിരുദ്ധ പ്രസ്താവനയായിരുന്നു ഇയാള്‍ ട്വിറ്ററില്‍ നടത്തിയത്. അതിന് ചുവട് പിടിച്ചാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘപരിവാറുകാരും കേരളത്തിനെതിരെ വാളെടുക്കുന്നത്. പ്രളയദുരിതം നേരിടാന്‍ ഒരു മനസ്സോടെ മുന്നേറുന്നതിനിടെ വര്‍ഗീയ പ്രചരണവുമായി എത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സാമൂഹ്യമാധ്യമങ്ങളിലെ മറ്റ് ഉപയോക്താക്കള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ഈ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കിടെയും ക്ഷേത്രഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കി കേരളത്തിലെ ഒരു ക്ഷേത്രം മാതൃകയായി. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രമാണ് ഭണ്ഡാരം മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്കു കൈമാറിയത്. ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി ഭണ്ഡാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. എന്തായാലും സംഘപരിവാറിനുള്ള കേരളത്തിന്റെ മറുപടിയായിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റിന്റെ ഈ നീക്കം.