ഇടുക്കിയില്‍ ഒരു കുടുംബത്തെ മണ്ണിടിഞ്ഞ് വീണുള്ള വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് വളര്‍ത്തു നായ; അതും നട്ടപ്പാതിരയ്ക്ക്

single-img
12 August 2018

കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ കൊടുംദുരന്തത്തെയാണ്. സംഹാരതാണ്ഡവമാടിയ തോരാമഴ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും, കേരളം ഇതുവരെ കാണാത്തവിധം അസാധാരണമായ ദുരന്ത സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.

ഉരുള്‍പൊട്ടലിലും മറ്റുമായി ഒട്ടേറെ ജീവന്‍ പൊലിഞ്ഞു. സര്‍വവും നശിച്ച കുടുംബങ്ങള്‍, വെള്ളക്കെടുതിയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങള്‍, തകര്‍ന്ന വീടുകളും റോഡുകളും, കണക്കില്ലാത്ത കൃഷിനാശം… കണ്ണടച്ചു തുറക്കുന്ന നേരത്തില്‍ കിടപ്പാടം നഷ്ടടപ്പെട്ട് രക്ഷാകേന്ദ്രങ്ങളില്‍ അഭയം തേടിയവരുടെ നിസഹായാവസ്ഥ വിവരണാതീതമാണ്.

ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മോഹനനനും ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മോചിതനായിട്ടില്ല. എന്നാലും തന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ച വളര്‍ത്തുനായ റോക്കിയോട് ഇനിയും നന്ദി പറഞ്ഞ് തീര്‍ന്നിട്ടില്ല മോഹനന്‍. റോക്കിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് പിറ്റേന്നത്തെ സൂര്യോദയം കാണാനുള്ള ഭാഗ്യം തനിക്കും കുടുംബത്തിനുമുണ്ടായതെന്ന് മോഹനന്‍ പറയുന്നു.

സംഭവം ഇങ്ങനെ: വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് റോക്കിയുടെ നിറുത്താതെയുള്ള കുര കേട്ടാണ് മോഹനന്‍ ഉണര്‍ന്നത്. ആദ്യം ശകാരിച്ചെങ്കിലും നായ കുരയും ഓരിയിടലും തുടരുകയായിരുന്നു. വല്ലാതെ വിരണ്ട അവസ്ഥയിലായിരുന്നു റോക്കി. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായതോടെ വീടിന് പുറത്തേക്കിറങ്ങിയ മോഹനന്‍ കാണുന്നത് മണ്ണിടിഞ്ഞ് വീണ് ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയില്‍ നില്‍ക്കുന്ന തന്റെ വീടാണ്.

ഞൊടിയിടയ്ക്കുള്ളില്‍ എല്ലാവരും പുറത്തിറങ്ങുകയും തൊട്ടടുത്ത നിമിഷം വീടിടിഞ്ഞു വീഴുകയുമായിരുന്നു. എന്നാല്‍ വീടിന് മുകളില്‍ താമസിച്ചിരുന്ന പ്രായമേറിയ ദമ്പതികള്‍ ദുരന്തത്തില്‍ പെട്ടുപോവുകയായിരുന്നു. പെരിയാറിന്റെ തീരത്തെ സ്വന്തം വീട്ടില്‍ നിന്നും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. ദുരിതാശ്വാസ ക്യാമ്പിലാണ് മോഹനനും കുടുംബവും ഇപ്പോഴുള്ളത്. യജമാന സ്‌നേഹം കാരണം റോക്കി ഇപ്പോള്‍ നാട്ടില്‍ താരമാണ്.