സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പറയുന്നത് കഥാപാത്രങ്ങളാണ്; അതിന് ഒരിക്കലും മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്

single-img
12 August 2018

സിനിമയില്‍ സ്ത്രീകളെ പറ്റിയുള്ള മോശം പരാമര്‍ശങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതിന് ഒരിക്കലും മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്. കഥയിലെ ഉള്ളടക്കത്തിന്റെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നാണ് രഞ്ജിതിന്റെ വാദം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

നിര്‍ദോശമായ തമാശയോ, അല്ലെങ്കില്‍ അതിലെ കഥാപാത്രത്തിന്റെ സ്വഭാവമോ ആയിരിക്കാം. അതിന് കഥാകൃത്തോ സംവിധായകനോ ക്ഷമ ചോദിക്കേണ്ടതില്ലെന്ന് രഞ്ജിത് ഉറപ്പിച്ച് പറയുന്നു. ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളില്‍ പുരുഷമേധാവിത്വം ഉറപ്പിക്കുന്നതായിരുന്നു രഞ്ജിതിന്റെ ഇടപെടല്‍ എന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ എഴുതിയതില്‍ പശ്ചാത്തപിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ കുറച്ചുനാള്‍ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. എഴുതുമ്പോള്‍ തീയേറ്ററിലെ കയ്യടി മാത്രമേ മനസ്സില്‍ വരികയുള്ളൂ എന്നും മറ്റൊന്നും ആലോചിക്കില്ലെന്നും രഞ്ജി പണിക്കര്‍ കുറ്റബോധത്തോടെ പറഞ്ഞിരുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

‘ഞാന്‍ മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിച്ച് കാണാറില്ല. സ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവവും എനിക്കില്ല. കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റേതാണ്. പാര്‍വതി പറഞ്ഞത് പാര്‍വതിയുടെ അഭിപ്രായമാണ്. അതിന്റെ പേരില്‍ ആ നടിയെ കല്ലെറിയുന്നതിനോട് യോജിക്കാനാവില്ല’ – രഞ്ജിത്ത് പറഞ്ഞു.