അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

single-img
12 August 2018

പതിനാറു സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍ ഡി എം എ). കേരളം, തമിഴ്‌നാട്, കര്‍ണാടകയുടെ തീരമേഖല, ആന്ധ്രാപ്രദേശിന്റെ തീരമേഖല, മേഘാലയ, അസ്സം, അരുണാചല്‍ പ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബെംഗാള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളത്.

അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ഏഴുസംസ്ഥാനങ്ങളിലെ മഴക്കെടുതികളില്‍ ഇതിനോടകം 718 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ ദിവസങ്ങളായി കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആശങ്കയ്ക്ക് താല്‍ക്കാലിക ശമനമാകുന്നു.

രണ്ട് അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ ശക്തിയും നീരൊഴുക്കും കുറഞ്ഞു. ഇടുക്കി– ചെറുതോണി അണക്കെട്ടില്‍ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടര്‍ന്നതോടെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ 34 മണിക്കൂറിനിടെ ജലനിരപ്പ് രണ്ടടിയിലേറെയാണു താഴ്ന്നത്. പെരിയാറിലെ ജലനിരപ്പ് കുറയുന്നതിനാല്‍ ആശങ്ക ഒഴിഞ്ഞെങ്കിലും എറണാകുളം ജില്ലയില്‍ മാത്രം പന്ത്രണ്ടായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ തന്നെയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ സെക്കന്‍ഡില്‍ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. മണിക്കൂറില്‍ 6,81,000 ലീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു.

അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഓരോ മീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതിലൂടെ ജലനിരപ്പ് 168.90 മീറ്റര്‍ ആയി താഴ്ന്നിട്ടുണ്ട്. 169 മീറ്റര്‍ ആണ് അണക്കെട്ടിന്റെ പരാമവധി സംഭരണശേഷി. 2,65,000 ലീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2,00,000 ലീറ്റര്‍ വെള്ളം പുറത്തേക്കു കളയുന്നുണ്ട്.

ചെറുതോണി അണക്കെട്ടിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മഴയും നീരൊഴുക്കും നോക്കിയേ ഷട്ടര്‍ അടയ്ക്കുന്നതു തീരുമാനിക്കൂ. വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഉടനെ ഷട്ടര്‍ അടയ്‌ക്കേണ്ടെന്നാണ് ധാരണ.