മോമോ ഗെയിം; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍

single-img
12 August 2018

മോമോ ഗെയിമിനെക്കുറിച്ച് പേടിക്കേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും അത് കാരണം നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു.

കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് ഐ.ജി.അഭ്യര്‍ത്ഥിച്ചു. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പോലീസ് സൈബര്‍ഡോമിനെയോ അറിയിക്കണം.

എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

എന്താണ് മോമോ തട്ടിപ്പ്?

നിരവധി ആളുകളുടെ മരണത്തിന് കാരണമായ ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ മറ്റൊരു ഗെയിം കൂടി. മോമോ ചലഞ്ച് എന്ന പുതിയ ഗെയിം വാട്‌സാപിലൂടെയാണ് കൂടുതലായി പ്രചരിക്കുന്നത്. അര്‍ജന്റീനയില്‍ പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നില്‍ മോമോ ചലഞ്ചാണെന്ന സംശയം ഉയര്‍ന്നതോടെയാണ് അപകടസാധ്യതയിലേക്ക് ലോകം ഞെട്ടി ഉണര്‍ന്നത്. അതിവേഗം സജീവമായിക്കൊണ്ടിരിക്കുന്ന ഈ മരണക്കളിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് പലയിടത്തും നല്‍കി കഴിഞ്ഞു.

വികൃതമായ ഒരു പെണ്‍കുട്ടിയുടെ ഭീതിപ്പെടുത്തുന്ന ചിത്രത്തോടൊപ്പാണ് ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് കലാകരനായ മിഡോരി ഹയാഷിയാണ് ചിത്രത്തിന് രൂപം നല്‍കിയതെങ്കിലും അദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമില്ല. ഒരു അജ്ഞാത ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടാണ് ഗെയിം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചു നീങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഭീതിപ്പെടുത്തുന്ന ചിത്രങ്ങള്‍ അയച്ചു തുടങ്ങും.

സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്, വാട്‌സാപ്പ്, യു ട്യൂബ് എന്നിവയിലെ ഒരു അക്കൗണ്ടാണ് മോമോ. ജപ്പാന്‍, മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളിലെ മൂന്നു നമ്പറുകളുമായിട്ടാണ് അക്കൗണ്ട് ബന്ധപ്പെടുത്തിയിട്ടുള്ളത്. ഇവ മൂന്നും നിലവിലില്ലാത്ത നമ്പറുകളാണെന്ന് തെളിഞ്ഞതായും വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മോമോയെന്നും സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

‘നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം’ എന്നാണ് ആദ്യം എത്തുന്ന സന്ദേശം. പിന്നീട് കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. കളിയില്‍ തുടരാന്‍ തയ്യാറായില്ലെങ്കില്‍ മോമോ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കും. മോമോയുടെ പേടിപ്പെടുത്തുന്ന രൂപം കുട്ടികളില്‍ ഭീതിയുണ്ടാക്കുമെന്നും നിഷേധാത്മക നിലപാടുകളുണ്ടാക്കുമെന്നും മനശാസ്ത്രവിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ ക്രമേണ സ്വയം മുറിവുകളുണ്ടാക്കി വേദനിപ്പിക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന അസ്ഥയിലേക്ക് പോകുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.

സാഹസികമായ കാര്യങ്ങള്‍ ചെയ്യാനാണ് ആവശ്യപ്പെടുക. 50 ഘട്ടങ്ങളുള്ള അപകടകാരിയായ കളിയായിരുന്നു ബ്ലൂവെയില്‍. സാഹസികമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ബ്ലൂവെയില്‍ കുട്ടികളെ പ്രേരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ സാഹസികമായി ചെയ്യുന്ന കാര്യങ്ങള്‍ളുടെ ചിത്രങ്ങളും തെളിവുകളും സമര്‍പ്പിക്കുമ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടുക. ഓരോ ഘട്ടം കഴിയും തോറും കുട്ടികള്‍ കൊലയാളി ഗെയിമിന് അടിമയാവുകയാണ് ചെയ്യുന്നത്. ഒടുവില്‍ ജീവനൊടുക്കാന്‍ ആവശ്യപ്പെടും. ഇതേ രീതിയില്‍ സ്വയം ജീവനെടുക്കാന്‍ മോമോയും കുട്ടികളെ പ്രേരിപ്പിക്കുകയാണ് പതിവ്.