എന്താണ് മോമോ ഗെയിം

single-img
12 August 2018

നിരവധി ആളുകളുടെ മരണത്തിന് കാരണമായ ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ മറ്റൊരു ഗെയിം കൂടി. മോമോ എന്ന് പേരിട്ടിരിക്കുന്ന ഗെയിം വാട്‌സ്ആപ്പിലൂടെയാണ് പ്രചരിക്കുന്നത്. കുട്ടികള്‍ക്കിടയിലാണ് ഗെയിം പ്രചരിക്കുന്നത്. നിരവധി കുട്ടികള്‍ ഇതിനോടകം തന്നെ ഗെയിമിന്റെ ഇരകളായെന്നാണ് റിപ്പോര്‍ട്ട്.

കണ്ണുകള്‍ പുറത്തേക്ക് തള്ളി, നീളം കൂടിയ ചുണ്ടുകളുള്ള രൂപമാണ് മോമോയുടേത്. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ വന്ന ഏറ്റവും അപകടകാരിയായ ഗെയിം ചലഞ്ചാണിത്. ‘നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം’ എന്നാണ് ആദ്യം എത്തുന്ന സന്ദേശം. പിന്നീട് കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. സാഹസികമായ കാര്യങ്ങള്‍ ചെയ്യാനാണ് ആവശ്യപ്പെടുക.

കളിയില്‍ തുടരാന്‍ തയ്യാറായില്ലെങ്കില്‍ മോമോ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കും. മോമോയുടെ പേടിപ്പെടുത്തുന്ന രൂപം കുട്ടികളില്‍ ഭീതിയുണ്ടാക്കുമെന്നും നിഷേധാത്മക നിലപാടുകളുണ്ടാക്കുമെന്നും മനശാസ്ത്രവിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ ക്രമേണ സ്വയം മുറിവുകളുണ്ടാക്കി വേദനിപ്പിക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന അസ്ഥയിലേക്ക് പോകുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.

50 ഘട്ടങ്ങളുള്ള അപകടകാരിയായ കളിയായിരുന്നു ബ്ലൂവെയില്‍. സാഹസികമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു ബ്ലൂവെയില്‍ കുട്ടികളെ പ്രേരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ സാഹസികമായി ചെയ്യുന്ന കാര്യങ്ങളുടെ ചിത്രങ്ങളും തെളിവുകളും സമര്‍പ്പിക്കുമ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടുക.

ഓരോ ഘട്ടം കഴിയും തോറും കുട്ടികള്‍ കൊലയാളി ഗെയിമിന് അടിമയാവുകയാണ് ചെയ്യുന്നത്. ഒടുവില്‍ ജീവനൊടുക്കാന്‍ ആവശ്യപ്പെടും. ഇതേ രീതിയില്‍ സ്വയം ജീവനെടുക്കാന്‍ മോമോയും കുട്ടികളെ പ്രേരിപ്പിക്കുകയാണ് പതിവ്. അടുത്തിടെ അര്‍ജന്റീനയില്‍ 12കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

ഈ മരണത്തിന് മരണക്കളിയായ മോമോയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം അര്‍ജീന്റീനയില്‍ നടന്നുവരികയാണ്. മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു. സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്ക തുടങ്ങിയ രാജ്യങ്ങള്‍ മോമോയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ട്.

സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്, വാട്‌സാപ്പ്, യു ട്യൂബ് എന്നിവയിലെ ഒരു അക്കൗണ്ടാണ് മോമോ. ജപ്പാന്‍, മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളിലെ മൂന്നു നമ്പറുകളുമായിട്ടാണ് അക്കൗണ്ട് ബന്ധപ്പെടുത്തിയിട്ടുള്ളത്. ഇവ മൂന്നും നിലവിലില്ലാത്ത നമ്പറുകളാണെന്ന് തെളിഞ്ഞതായും വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മോമോയെന്നും ചില സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.