കേരളത്തിലെ പ്രളയക്കെടുതി ക്ഷണിച്ചു വരുത്തിയതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍

single-img
12 August 2018

കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി ക്ഷണിച്ചു വരുത്തിയതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ജനകീയമായ പാരിസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കുറയ്ക്കുമായിരുന്നെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.

‘കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദുരന്തങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കനത്ത കാലവര്‍ഷം ഉണ്ടാക്കിയ പ്രളയം മനുഷ്യനിര്‍മിതമാണ്. മഴ പെയ്യുന്നത് മാത്രമല്ല ഇതിന് കാരണം. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും വേണ്ടാത്ത രീതിയില്‍ ഉപയോഗിച്ചതാണ്.

മുമ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍ ഇതേവരെ ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല എന്ന അഭിപ്രായം ഇല്ല.

എന്നാല്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുമായിരുന്നു. ഭൂമി കയ്യേറ്റങ്ങള്‍ വര്‍ധിച്ചതും തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിച്ചത്, പാറമടകളുടെ അമിത ഉപയോഗം എന്നിവ സ്ഥിതി വഷളാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉണ്ടായ പ്രളയത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു. അവരാണ് യഥാര്‍ത്ഥ ഉത്തരവാദികള്‍. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണം നടക്കുന്നില്ല. ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.