ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ; നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി; കളക്ടര്‍ വിശദീകരണം തേടി

single-img
12 August 2018

മുന്നറിയിപ്പ് നല്‍കാതെ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ ചൊല്ലി വന്‍ വിവാദം. മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകള്‍ 290 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് 200 സെന്റിമീറ്റര്‍

അന്ന് രാത്രിയോട് കൂടി നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ആയിരങ്ങള്‍ ഉടുതുണിയുമായി അഭയാര്‍ഥി ക്യാംപില്‍ അഭയം തേടി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പടിഞ്ഞാറത്താറ വില്ലേജിലെ ഓഫിസര്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല.

മുന്നറിയിപ്പ് നല്‍കാതെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണു വയനാട്ടിലെ ജനങ്ങള്‍ വഴിയാധാരമാകാന്‍ കരണമെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസര്‍ പി.പി.പ്രസാദ് പറഞ്ഞു. എന്നാല്‍ പെട്ടെന്നുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം എല്ലാവിധ മുന്നറിയിപ്പുകളും നല്‍കിയാണ് ഷട്ടറുകള്‍ തുറന്നതെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വയനാട് കളക്ടര്‍ കെഎസ്ഇബിയോട് വിശദീകരണം തേടി. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് വിവരം.