കാര്‍ കുഴിയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ മരിച്ചു

single-img
12 August 2018

ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ കാര്‍ കുഴിയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തുപേരില്‍ മൂന്നുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്‌റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്.

വളവു തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. അഹമ്മദാബാദില്‍നിന്നും 180 കിലോമീറ്റര്‍ അകലെ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് മൂന്നുപേരുടെ ജീവന്‍ രക്ഷിച്ചത്. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ഹാലോളിലുള്ള ബന്ധുവീട് സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു കാറിലുള്ളവര്‍.