49 പന്തില്‍ പുറത്താകാതെ 121 റണ്‍സ്; ഒരു ഹാട്രികും: ആരാധകരെ കോരിത്തരിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍

single-img
11 August 2018

കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് (സിപിഎല്‍) വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തത്. സിപിഎല്‍ ടീമായ ജമൈക്ക ടല്ലാവാസിന്റെ ക്യാപ്റ്റനായുള്ള ആന്ദ്രെ റസലിന്റെ അരങ്ങേറ്റം മത്സരം കൂടിയായിരുന്നു ഇത്.

ടോസ് നേടിയ ജമൈക്ക ടല്ലാവാസ് എതിര്‍ ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ന്യൂസീലന്‍ഡ് താരങ്ങളായ കോളിന്‍ മണ്‍റോ (42 പന്തില്‍ 61), ബ്രണ്ടന്‍ മക്കല്ലം (27 പന്തില്‍ 56 റണ്‍സ്), ഓസീസ് താരം ക്രിസ് ലിന്‍ (27 പന്തില്‍ 46) എന്നിവര്‍ വെടിക്കെട്ട് തീര്‍ത്തപ്പോളാണ് റസല്‍ ഹാട്രിക്കുമായി അവതരിച്ചത്.

https://www.youtube.com/watch?v=_dRudnz4uDs

റസല്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലയിലായിരുന്നു നൈറ്റ് റൈഡേഴ്‌സ്. സാക്ഷാല്‍ ബ്രണ്ടന്‍ മക്കല്ലം (25 പന്തില്‍ 52), ഡാരന്‍ ബ്രാവോ (15 പന്തില്‍ 29) എന്നിവര്‍ ക്രീസില്‍. റസലിന്റെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തി മക്കല്ലം.

എന്നാല്‍, രണ്ടാം പന്തില്‍ മക്കല്ലം പുറത്തേക്ക്, മൂന്നാം പന്തില്‍ ബ്രാവോയുടെ കുറ്റി തെറുപ്പിച്ചു. നാലാം പന്തില്‍ വിന്‍ഡീസ് താരം ദിനേഷ് രാംദിനെയും മടക്കിയതോടെ റസല്‍ ഹാട്രിക് പൂര്‍ത്തിയാക്കി. നൈറ്റ് റൈഡേഴ്‌സിന്റെ സ്‌കോര്‍ 20 ഓവറില്‍ ആറിന് 223 റണ്‍സ്.

224 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ജമൈക്ക തോല്‍വിയിലേക്ക് കൂപ്പുകുത്തിയ സമയത്തും രക്ഷകനായി എത്തിയത് ക്യാപ്റ്റന്‍ ആന്ദ്രെ റസല്‍ തന്നെ. ആറാം വിക്കറ്റില്‍ ലൂയിസ്–റസ്സല്‍ സഖ്യം കൂട്ടിച്ചേര്‍ത്തത് 161 റണ്‍സ്. വെറും 40 പന്തില്‍ റസല്‍ സെഞ്ചുറി കടന്നു.

മൂന്നു ബൗണ്ടറിയും 12 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇത്. പിന്നാലെ കെന്നാര്‍ ലൂയിസ് അര്‍ധസെഞ്ചുറിയിലെത്തി. 34 പന്തുകള്‍ നേരിട്ട ലൂയിസ് നാലു ബൗണ്ടറിയും രണ്ടു സിക്‌സും നേടി. 18–ാം ഓവറില്‍ സ്‌കോര്‍ 202ല്‍ നില്‍ക്കെ ലൂയിസ് മടങ്ങിയെങ്കിലും ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് റസ്സല്‍ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.

അപ്പോഴും ബാക്കിയായത് മൂന്നു പന്തുകള്‍. റസ്സലിന്റെ സ്‌കോര്‍ 49 പന്തില്‍ പുറത്താകാതെ 121 റണ്‍സ്! അതും ആറു ബൗണ്ടറിയും 13 പടുകൂറ്റന്‍ സിക്‌സുകളും സഹിതം.