ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നൽകി

single-img
11 August 2018

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്.

തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. ദുരിതാശ്വാസത്തിന് കർണാടക സർക്കാർ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴയെ തുടർന്ന് വീടും വസ്തുവകകളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടങ്ങിയ സംഘം എത്തി. രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തിയത്.

വ്യോമേസനയുടെ ഹെലികോപ്ടറിൽ സുൽത്താൻ ബത്തേരിയിൽ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് കാർ മാർഗം ആദ്യം പോയത് മുണ്ടൻമുടിയിലേക്കായിരുന്നു. ഏതാണ്ട് 700 ആദിവാസികളാണ് മുണ്ടൻമുടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. മുഖ്യമന്ത്രിയും സംഘവും എത്തിയതോടെ ആദിവാസികൾ പരാതികളുടെ ഭാണ്ഡക്കെട്ട് അവർക്ക് മുന്നിൽ അഴിച്ചു.

എല്ലാവരുടേയും പരാതികൾ സശ്രദ്ധം കേട്ട മുഖ്യമന്ത്രി സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകി. മഴ മാറുന്നത് വരെ കാത്തിരിക്കാനും അവരോട് നിർദ്ദേശിച്ചു. ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോളനിയിലെ വീടുകൾ സന്ദർശിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രായോഗികമല്ലെന്ന നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പതിനഞ്ച് മിനിട്ടോളം ക്യാമ്പിൽ ചെലവിട്ട ശേഷം മുഖ്യമന്ത്രിയും സംഘവും വയനാട് കളക്ടറിലേക്ക് പോയി. അവിടെ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പിന്നീട് കോഴിക്കോട്ടേക്ക് പോകും.