നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപണം അവസാന മിനിറ്റില്‍ മാറ്റി

single-img
11 August 2018

നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപണം നീട്ടിവച്ചു. അവസാന മിനിറ്റിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് വിക്ഷേപണം നീട്ടിവച്ചത്. അതിരാവിലെ തുടങ്ങിയ കൗണ്ട് ഡൗണ്‍ വിക്ഷേപണത്തിനു ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുള്ളപ്പോഴാണു തടസ്സപ്പെട്ടത്.

തകരാര്‍ പെട്ടെന്നു പരിഹരിച്ചു ഞായറാഴ്ച വീണ്ടും ശ്രമം തുടരുമെന്നു റോക്കറ്റ് നിര്‍മാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറിയിച്ചു. ഹീലിയം പ്രഷര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണു വിക്ഷേപണം തടസ്സപ്പെട്ടത്. നേരത്തേ ജൂലൈ 31ന് ആയിരുന്നു വിക്ഷേപണ തീയതി തീരുമാനിച്ചിരുന്നത്.

എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി നീട്ടിവയ്ക്കുകയായിരുന്നു. മനുഷ്യരാശിയുടെ ആദ്യ സൗരദൗത്യമാണു പാര്‍ക്കര്‍ സോളര്‍ പ്രോബ്. വിക്ഷേപണത്തിനുശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തുവെന്ന നേട്ടവും സോളര്‍ പ്രോബിനു സ്വന്തമാകും.

ഏഴു വര്‍ഷം നീളുന്ന പദ്ധതിക്കൊടുവില്‍ നക്ഷത്രങ്ങളെക്കുറിച്ചു നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.