പൂജാരയെ കോഹ്‌ലി ചതിച്ചോ ?

single-img
11 August 2018

ലോഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ തകര്‍ച്ച അവിശ്വസനീയമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്‌നിര വെറും 107 റണ്‍സിനാണ് കൂടാരം കയറിയത്. കനത്ത മഴ പെയ്തതിനാല്‍, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്
ഫീല്‍ഡിങ് തിരഞ്ഞെടുത്തതോടെ ഇന്ത്യയുടെ മേല്‍ക്കയ്യും നഷ്ടമായി.

ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കുംമുമ്പ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാലുപന്തുകളില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന മുരളി വിജയ് അഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. തന്റെ നാലാം ഓവറില്‍ ലോകേഷ് രാഹുലിനെയും മടക്കിയയച്ച് ആന്‍ഡേഴ്‌സന്‍ ഇന്ത്യയെ ഞെട്ടിച്ചു.

രണ്ടു പന്തിനുശേഷം കളി നിര്‍ത്തിവെച്ചു. വീണ്ടും തുടങ്ങിയപ്പോള്‍ കോലിക്കൊപ്പം ചേര്‍ന്ന് ഇന്നിങ്‌സിന് ജീവന്‍പകരാന്‍ ശ്രമിക്കുന്നതിനിടെ പുജാര റണ്ണൗട്ടായി. ചേതേശ്വര്‍ പുജാര തട്ടിയിട്ട പന്തില്‍ കോലി റണ്ണിനുവേണ്ടി ഓടിയെങ്കിലും പിന്നീട് തിരിച്ചോടിയതോടെ പുജാരയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 15 റണ്‍സ് മാത്രം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ‘വിഖ്യാതമായ റണ്ണൗട്ടു’കള്‍ക്കുശേഷം ഇംഗ്ലണ്ടിലും പൂജാര റണ്ണൗട്ട്. ഇക്കുറി പക്ഷേ പൂജാരയുടെ പിഴവിനേക്കാള്‍ ക്യാപ്റ്റന്‍ കോഹ്‌ലിയായിരുന്നു പുറത്താകലിന് കാരണക്കാരന്‍.

ആന്‍ഡേഴ്‌സന്റെ പന്ത് പോയിന്റിലേക്ക് കളിച്ച പൂജാരയെ കോഹ്‌ലി റണ്ണിനായി വിളിച്ചു. പൂജാര ഓടി പിച്ചിന്റെ പാതിവഴിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി കോഹ്‌ലി തിരിച്ചോടി. പന്തു കൈക്കലാക്കിയ അരങ്ങേറ്റതാരം ഒലീ പോപ്പ് നിഷ്പ്രയാസം ബെയ്‌ലിളക്കി. 25 പന്തില്‍ ഒരു റണ്ണായിരുന്നു പൂജാരയുടെ സമ്പാദ്യം.

2016 ജനുവരിക്കുശേഷം ഇത് അഞ്ചാം തവണയാണ് പൂജാര റണ്ണൗട്ടാകുന്നത്. ഈ കാലയളവില്‍ കൂടുതല്‍ തവണ റണ്ണൗട്ടായ മറ്റു താരങ്ങള്‍ ബംഗ്ലദേശിന്റെ മെഹ്ദി ഹസന്‍ മിറാസ് (മൂന്നു തവണ), ശ്രീലങ്കയുടെ കുശാല്‍ പെരേര (മൂന്ന്), പാക്കിസ്ഥാന്റെ യാസിര്‍ ഷാ (മൂന്ന്), ഓസ്‌ട്രേലിയയുടെ ബാന്‍ക്രോഫ്റ്റ് (രണ്ട്), ദക്ഷിണാഫ്രിക്കയുടെ ബവുമ (രണ്ട്) എന്നിവരാണ്.

ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ സെഞ്ചൂറിയന്‍ ടെസ്റ്റിലും രണ്ട് ഇന്നിങ്‌സിലും റണ്ണൗട്ടായി പൂജാര ‘റെക്കോര്‍ഡ്’ സ്ഥാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു മല്‍സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പൂജാര.

അതിനു മുന്‍പ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഒരു താരം റണ്ണൗട്ടായത് 2000ലാണ്, ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും റണ്ണൗട്ടാകുന്ന 25ാമത്തെ താരവുമായി പൂജാര.

അതെസമയം കോഹ്ലിയെ ന്യായീകരിച്ച് രഹാന രംഗത്തെത്തി. റണ്ണൗട്ട് പൂജാരയുടെ അശ്രദ്ധയാണെന്നാണ് രഹാന പറയുന്നത്. രണ്ടാം ദിനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രഹാനെ. ‘അത്തരമൊരു റണ്ണൗട്ടില്‍ പൂജാര തീര്‍ച്ചയായും നിരാശയുണ്ടായിരിക്കുമെന്നുറപ്പാണ്. എന്നാല്‍, പറ്റിയ പിഴവ് അംഗീകരിക്കണം. ഇത്തരം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ഇനിയും ഇന്ത്യക്ക് അവസരമുണ്ട്’ രഹാന പറഞ്ഞു.