ഡ്രൈവിങ് ലൈസന്‍സും വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്രക്കിടെ ഇനി കൊണ്ടുനടക്കേണ്ട; മൊബൈലില്‍ കാണിച്ചാല്‍ മതി

single-img
11 August 2018

ന്യൂഡല്‍ഹി: വാഹനപരിശോധനയില്‍ ഡിജിലോക്കര്‍ എം പരിവാഹന്‍ ആപ്പുകളില്‍ ലഭ്യമായ ഡ്രൈവിങ് ലൈസന്‍സുകളും വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങളും അംഗീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. രേഖകള്‍ കടലാസ് രൂപത്തിലുള്ളത് മാത്രമെ അംഗീകരിക്കുവെന്ന നിലപാട് വേണ്ടെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഡിജിലോക്കര്‍, എം.പരിവാഹന്‍ ആപ്പുകളിലേക്ക് ഡ്രൈവിങ് ലൈസന്‍സുകളും വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സംയോജിപ്പിക്കുന്നതോടെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഇവ രണ്ടും കൈകളില്‍ കൊണ്ട് നടക്കേണ്ട ആവശ്യം ഉണ്ടാകില്ല.

വാഹനപരിശോധന സമയത്ത് ആപ്പിലുള്ള ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും പരിശോധനയ്ക്കായി സമര്‍പ്പിക്കും. ഈ സമയം ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണവിവരം ലഭിക്കും. ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള രേഖകളുടെ ഡിജിറ്റല്‍രൂപം ട്രാഫിക് പോലീസോ മോട്ടോര്‍വാഹനവകുപ്പോ സാധുവായി പരിഗണിക്കുന്നില്ലെന്ന് കാണിച്ച് പൊതുജനങ്ങള്‍ നല്‍കിയ പരാതികളും വിവരാവകാശ അപേക്ഷകളും പരിഗണിച്ചാണ് കേന്ദ്രനടപടി.

വാഹനങ്ങളുടെ ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റല്‍രൂപങ്ങള്‍ക്കും ഇതേ സാധുതയുണ്ട്. ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് നല്‍കിയ യഥാര്‍ഥ രേഖകള്‍ക്കുള്ള അതേ സാധുത മന്ത്രാലയത്തിന്റെ എംപരിവാഹന്‍, ഇചെല്ലാന്‍ ആപ്പുകളിലെ പകര്‍പ്പുകള്‍ക്കുമുണ്ട്.

അതേസമയം, എന്തെങ്കിലും കുറ്റകൃത്യമുണ്ടായാല്‍ ഇത്തരം രേഖകള്‍ നേരിട്ട് കണ്ടുകെട്ടേണ്ടതില്ലെന്നും ഇചെല്ലാന്‍ സംവിധാനത്തിലൂടെ അത് ബന്ധപ്പെട്ട അധികൃതര്‍ക്കു തടഞ്ഞുവയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു.