പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

single-img
11 August 2018

കര്‍ക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എറണാകുളവും മലപ്പുറവും വയനാടും അടക്കമുള്ള ജില്ലകളില്‍ മോശം കാലാവസ്ഥ അവഗണിച്ചും ബലിതര്‍പ്പണച്ചടങ്ങിന് ഒട്ടേറെപ്പേരെത്തി.

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കടലേറ്റവും ചിലയിടങ്ങളിലെ ബലിയിടലിന് വിഘാതമായി. ആലുവാ ക്ഷേത്രം പൂര്‍ണമായി മുങ്ങിയ സാഹചര്യത്തില്‍ റോഡരികിലാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. ശംഖുംമുഖം തീരം കടലെടുത്ത സാഹചര്യത്തില്‍ രണ്ട് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്.

ഡാമുകള്‍ തുറന്നതുകാരണം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവയില്‍ ബലിതര്‍പ്പണത്തിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണസേനയും തീരസംരക്ഷണസേനയും സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തുണ്ട്.

പുഴയില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിനു ബദല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം, വര്‍ക്കല, മലപ്പുറം തിരുനാവായ, വയനാട് തിരുനെല്ലി, കൊല്ലം തിരുമുല്ലവാരം തുടങ്ങി എല്ലാ പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും കൂടുതലാളുകള്‍ എത്തി.