മമതയുടെ ഭരണത്തെ വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ; ‘എത്ര എതിര്‍ത്താലും എന്‍ആര്‍സിയില്‍നിന്നു പിന്നോട്ടില്ല’: കൊല്‍ക്കത്തയില്‍ അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കൊല്‍ക്കത്ത: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പശ്ചിമ ബംഗാളില്‍നിന്ന് വേരോടെ പിഴുതെറിയുമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. കൊല്‍ക്കത്തയില്‍ യുവ സ്വാഭിമാന്‍ സമാവേശ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും എത്ര എതിര്‍ത്താലും പൗരത്വ റജിസ്റ്ററുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ പറഞ്ഞു. റജിസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നതു രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണ്. ബംഗ്ലദേശി കുടിയേറ്റക്കാരെ പുറത്താക്കണ്ടേ? ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൗരത്വ റജിസ്റ്ററിനെ എതിര്‍ക്കുകയാണ്.
വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണ്. നിങ്ങള്‍ക്കു കഴിയുന്നത്രയും എതിര്‍ക്കുക പക്ഷേ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപടികളില്‍നിന്ന് ഒരു പിന്നോട്ടുപോക്കില്ല. ഞങ്ങളെ ജനങ്ങള്‍ കാണാതിരിക്കാന്‍ ബംഗാളി ചാനലുകളുടെ സിഗ്നലുകള്‍ താഴ്ത്തുകയാണ്.
ബിജെപിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ബംഗാളിലെ ഓരോ ജില്ലകളിലും കടന്നു ചെല്ലും. തൃണമൂലിനെ പുറത്താക്കും-അമിത് ഷാ പറഞ്ഞു. അതിനിടെ അമിത് ഷായ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. കോല്‍ക്കത്തയിലെ നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷായുടെ വാഹന വ്യൂഹം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ഒരുകൂട്ടം യുവാക്കള്‍ ബൈക്കുകളിലെത്തി കരിങ്കൊടി കാട്ടിയത്.
ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഇവര്‍ മുദ്രാവാക്യങ്ങളും മുഴക്കി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രാജ്യ താത്പര്യങ്ങള്‍ക്ക് എതിരാണ് എന്ന് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി റാലിയും യോഗവും സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പാണ് മമത രേഖപ്പെടുത്തിയത്.